അച്ഛനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശിത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, 6 വയസുകാരന് ദാരുണാന്ത്യം

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് അപകടത്തിൽ മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൻറെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൻറെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



