സമരം കടുപ്പിച്ച് മീറ്റർ റീഡർമാർ; ജോലിക്ക് എത്താത്തവരുടെ കരാർ അവസാനിപ്പിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: മീറ്റർ റീഡർമാരുടെ സമരം നീളുന്നതിനിടെ കടുത്ത നടപടികളുമായി കെഎസ്ഇബി. ജോലിക്ക് ഹാജരാകാത്ത മീറ്റർ റീഡർമാരുടെ കരാർ അവസാനിപ്പിക്കണമെന്ന് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ നിർദേശം നൽകി. ഇതോടൊപ്പം റീഡർമാർ ഉപയോഗിച്ചിരുന്ന മെഷീനുകൾ അടിയന്തരമായി തിരികെ വാങ്ങാനും നിർദേശമുണ്ട്.
റീഡിങ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ശരാശരി വൈദ്യുതി ഉപയോഗം കണക്കാക്കി ബിൽ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സ്വന്തം നിലയിൽ മീറ്റർ റീഡിങ് എടുത്ത് നൽകാൻ താൽപര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി അതിന് അനുമതി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള മീറ്റർ റീഡേഴ്സ് യൂണിറ്റി നടത്തുന്ന സമരം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇതോടെ സമരം തുടരുകയായിരുന്നു. ഏകദേശം 1,800 മീറ്റർ റീഡർമാരാണ് ഒന്നാം തീയതി മുതൽ സമരത്തിലുള്ളത്.



