ചാലക്കുടിയിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു

ചാലക്കുടിയിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു. സിദ്ധാർത്ഥ ഹോട്ടലിന് സമീപം മരം വീണ് നിർത്തിയിട്ടിരുന്ന ബിഎംഡബ്ല്യു കാർ തകർന്നു. ഇതിനുപുറമെ മരത്തിനടിയിൽപ്പെട്ട് മറ്റ് രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മരം വീണു.മലയാറ്റൂരിലും ശക്തമായ മഴ തുടരുകയാണ്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നിലവിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുമാണ് സാധ്യത. അതേസമയം സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. 0.8 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.



