ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ.. സംഭവം അമ്പലപ്പുഴയിൽ

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചയാളുടെ സ്വർണമാല മോഷ്ടിച്ച പ്രതിയെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കറിനെയാണ് (34) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു അപകടം. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയിൽ കയറിക്കൂടിയ പ്രതി, ആശുപത്രിയിൽ എത്തിയ ഉടൻ ഇയാളുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുറവൻതോട് ജങ്ഷനിൽവച്ചാണ് ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തിയത്.

അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുകുമാർ, സബ് ഇൻസ്പെക്ടർമാരായ ജയേഷ് ചന്ദ്രൻ, വിനോദ്, രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജോയ്, വിനിൽ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അഷ്കർ മുമ്പും ലഹരിമരുന്ന് കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button