ഹർമൻപ്രീത് കൗറിന് വൈകാരികമായ കുറിപ്പുമായി ആക്ടിവിസ്റ്റും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനുമായ അഭിജീത് ദിപ്കെ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പടിയിറങ്ങിയ ഹർമൻപ്രീത് കൗറിന് വൈകാരികമായ കുറിപ്പുമായി ആക്ടിവിസ്റ്റും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനുമായ അഭിജീത് ദിപ്കെ. ക്രിക്കറ്റിനെയും ഇന്ത്യൻ ടീമിനെയും ജീവന് തുല്യം സ്നേഹിച്ച ടീമിൻറെ വിജയത്തിനായി ആത്മാർത്ഥമായി പോരാടിയ ഹർമൻപ്രീതിനെ എന്നും താൻ ഏറെ ആരാധിച്ചിരുന്നുവെന്ന് ദിപ്കെ കുറിച്ചു.
2025-ൽ ഇന്ത്യക്ക് ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത്. കൂടാതെ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകൾ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ, എണ്ണമറ്റ വിജയങ്ങൾ എന്നിവയും ഹർമൻറെ നായകത്വത്തിൽ ഇന്ത്യ സ്വന്തമാക്കി. എന്നാൽ ഈ വിജയങ്ങൾക്കെല്ലാം ഉപരിയായി, ഹർമൻറെ കരിയറിലെ ഏറെ വേദനനിറഞ്ഞ ഒരു മുഹൂർത്തത്തെ ഓർത്തെടുത്തുകൊണ്ടാണ് ദിപ്കെ തൻറെ കുറിപ്പ് ആരംഭിക്കുന്നത്. 2023 ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ക്രീസിൽ ബാറ്റ് കുടുങ്ങി ഹർമൻപ്രീത് റൺഔട്ടായതും ദേഷ്യത്തോടെ മൈതാനം വിട്ടതുമായ സംഭവമായിരുന്നു അത്.




