വാണിജ്യ സിലിണ്ടർ വില വർധദ്ധന.. സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്

മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടൽ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില മൂവായിരം കടന്നു. പ്രവർത്തനച്ചെലവിന്റെ പേരിൽ ഹോട്ടലുകൾ വിഭവങ്ങൾക്ക് വില കൂട്ടിയാൽ ഉപഭോക്താക്കൾക്കും അത് വലിയ തിരിച്ചടിയാകും. എന്നാൽ ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.

എൽപിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകൾ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കിൽ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികൾ കൂടിയത്. രാവിലെ ഹോട്ടലുകൾ തുറന്ന പല സംരഭകരും വർദ്ധനയുടെ വാർത്ത കേട്ട് ഞെട്ടി. കേരളത്തിൽ വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. പുതുക്കിയ വർദ്ധന പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് വില 3106 രൂപയായി. കൊച്ചിയിൽ 3085 രൂപ. കോഴിക്കോട് വില 3117 രൂപയെത്തി. ഹോട്ടൽ, റെസ്റ്റോറന്റുകൾ, ചെറുകിട ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങിയവയെയൊക്കെ വർദ്ധന സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഹോട്ടലുകാർ നിർബന്ധിതരായേക്കും.

വിഭവങ്ങൾക്ക് വില കൂട്ടിയാൽ ദിവസവും ഹോട്ടലുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന തൊഴിലാളികൾ, മറ്റ് ദിവസവേതനക്കാർ, വിദ്യാർത്ഥികൾ, ഹോസ്റ്റലിൽ നിൽക്കുന്നവർ തുടങ്ങിയവരുടേയെല്ലാം കീശ കീറും. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്ക് തൽക്കാലം വില കൂട്ടിയിട്ടില്ല. ലഭ്യതക്കുറവ് കാരണം സിലിണ്ടറുകളുടെ വിതരണത്തിനും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.

Related Articles

Back to top button