രാജ്യത്ത് ഉള്ളിവിലയിൽ വൻ വർധന

രാജ്യത്ത് ഉള്ളിവിലയിൽ വൻ വർധന. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉള്ളിവിലയിൽ 116 ശതമാനം വർധന രേഖപ്പെടുത്തിയത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവക്കും വില കൂടിയിട്ടുണ്ട്. വെളുത്തുള്ളിക്ക് 60 ശതമാനവും ഇഞ്ചിക്ക് 48.3 ശതമാനവും നാരങ്ങക്ക് 47.3 ശതമാനവും വില ഉയർന്നിട്ടുണ്ട്. പച്ചക്കറികളിൽ ഉരുളകിഴങ്ങിനും കോളിഫെ്ലവറിനും മാത്രമാണ് 10 ശതമാനത്തിലേറെ വില കുറഞ്ഞത്. 14.2 ശതമാനം വിലക്കുറവാണ് ഉരുളക്കിഴങ്ങിന് ഉണ്ടായത്. കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. സവാളയുടെ റീടെയിൽ വിലയും ഉയർന്നിട്ടുണ്ട് കിലോക്ക് 30 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വിലയെങ്കിൽ ഇപ്പോൾ വില 60 രൂപയിലെത്തി.
ചെറിയ ഉള്ളിയുടെ വില 160ലേക്കാണ് കുതിച്ച് കയറിയത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാള വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാനകാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ ഇന്ത്യയിൽ റീടെയിൽ പണപ്പെരുപ്പം പുതിയ ഉയരത്തിൽ എത്തിയിരുന്നു. ഒക്ടോബറിൽ റീടെയിൽ പണപ്പെരുപ്പം 6.09 ശതമാനമായി ഉയർന്നിരുന്നു. ആർബിഐ ലക്ഷ്യമായ ആറ് ശതമാനത്തിനും മുകളിലാണ് പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് പ്രധാനമായും പണപ്പെരുപ്പത്തിന് സംഭാവന ചെയ്യുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്തംബറിൽ 5.54 ശതമാനമായി ഉയർന്നിരുന്നു. ഇതാണ് ഒക്ടോബറിൽ 6.09 ശതമാനത്തിലേക്ക് വീണ്ടും ഉയർന്നത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റസ്റ്റിക്സാണ് കണക്കുകൾ പുറത്ത് വിട്ടത്.



