ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് അപകടം… തോട്ടം ഉടമയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിലാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മലമുകളിൽ നിന്ന് വലിയ പാറക്കൂട്ടം ഇടിഞ്ഞുവീഴുകയായിരുന്നു. രാവിലെ ജോലിക്കായി ഭാര്യയ്ക്കൊപ്പമാണ് ബെന്നി തോട്ടത്തിലെത്തിയത്. ഇതിനിടെ മലമുകളിൽ നിന്ന് പാറക്കൂട്ടം താഴേക്ക് പതിക്കുകയായിരുന്നു. പാറ വരുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും ബെന്നിക്ക് രക്ഷപ്പെടാനായില്ല. ഏറെ ശ്രമകരമായാണ് പാറയ്ക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മുൻപ് ഉരുൾപൊട്ടലുണ്ടായ മേഖലയിലാണ് അപകടം നടന്നത്. ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രത തുടരുകയാണ്.



