മലബാർ മിൽമ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി… ഈ മാസം 24നകം…

കൊച്ചി: മലബാർ മിൽമ യൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. അന്വേഷണസംഘത്തിന് തെളിവുകളും രേഖകളും ശേഖരിക്കാൻ കോടതി 10 ദിവസം കൂടി അനുവദിച്ചു.
ഇതിന് പിന്നാലെ ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ.എസ്. മണി അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ആവശ്യമായാൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു. അതുവരെ പുനഃസ്ഥാപിക്കപ്പെടുന്ന ഭരണസമിതിക്ക് ദൈനംദിന ഭരണകാര്യങ്ങൾ മാത്രമേ നിർവഹിക്കാനാകൂ. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അനുമതിയുണ്ടാകില്ല. എന്നാൽ ഒരു മാസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിൽ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.



