ഒമ്പതുവയസ്സുകാരിക്ക് നേരെലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും… 58-കാരന്…

തൃശൂര്‍: ഒമ്പതുവയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58-കാരന് 34 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും. കൊടകര സ്വദേശി ശിവനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി സിറാജുദ്ദീൻ പി.എ. ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 28 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കണം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ആറ് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാത്ത പക്ഷം രണ്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2024 ജൂലൈ 19, 20 തീയതികളിലാണ് പ്രതി തന്റെ വീട്ടിൽവെച്ച് ഒമ്പതുവയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് നവംബർ 29-ന് പെൺകുട്ടിക്ക് നേരേ നഗ്നതാപ്രദർശനവും നടത്തിയെന്നാണ് കേസ്. സംഭവത്തിൽ കൊടകര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നിലവിൽ മറ്റൊരു പോക്‌സോ കേസിൽ ആറ് വർഷത്തെ ശിക്ഷ അനുഭവിച്ചുവരികയാണ്.

Related Articles

Back to top button