മാസപ്പടി കേസിൽ നിയമോപദേശം തേടി സർക്കാർ…

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരേ കേസെടുക്കുന്നതിൽ നിയമോപദേശത്തിനും രാഷ്ട്രീയ കൂടിയാലോചനകൾക്കും ശേഷമാകും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ കേസെടുത്താൽ ബിജെപിയുമായി ധാരണയെന്ന ആരോപണം സിപിഎം ഉയർത്തുമെന്നതാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.
അതേസമയം, കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കുന്നതുവരെ കാത്തിരുന്നാൽ ഇതുവരെ പിണറായി വിജയന് സംരക്ഷണം നൽകിയെന്ന വിമർശനവും സർക്കാരിന് നേരിടേണ്ടിവരും. അതിനാൽ നിയമവശങ്ങൾ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെന്നാണ് സർക്കാർ നിലപാട്. സിപിഎം തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് പിണറായി വിജയനെതിരായ ഇഡിയുടെ നീക്കം. ഇതിനെ രാഷ്ട്രീയപ്രേരിത നടപടിയെന്ന നിലയിൽ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ഇഡി കണ്ടെത്തലുകൾ പ്രകാരം പിണറായി വിജയന്റെ കൈകൾ ശുദ്ധമല്ലെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. മാസപ്പടി കേസിൽ തുടക്കം മുതൽ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ച യുഡിഎഫിനും ഇഡി കണ്ടെത്തലുകൾ പുതിയ വെല്ലുവിളിയാണ്. കേസെടുത്താൽ ബിജെപി-യുഡിഎഫ് ധാരണയെന്ന ആരോപണം സിപിഎം ശക്തമാക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം, രാഷ്ട്രീയമായി ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ലെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. ഇഡിയുടെ കത്തിൽ ആലോചിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്നും കത്ത് ലഭിച്ചതായി മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മാസപ്പടി കേസിൽ ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. സമ്മതിച്ച കാര്യങ്ങൾ വീണ്ടും തെളിയിക്കേണ്ടതില്ലെന്നും എത്ര വിശദീകരിച്ചാലും ന്യായീകരിച്ചാലും വസ്തുതകൾ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.



