സവർക്കർ ചോദ്യോത്തര വിവാദം… അന്തിമ അന്വേഷണ റിപ്പോർട്ട് കൈമാറി

കാസർകോട്: കാസർകോട്ടെ സവർക്കർ ചോദ്യോത്തര വിവാദത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ഡിഡിഇയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെ. ഗുരുപ്രസാദ് ഉൾപ്പെടെ മൂന്ന് അധ്യാപകർ ചേർന്നാണ് വിവാദ ചോദ്യോത്തരം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കർണാടക സിലബസിലെ പാഠഭാഗങ്ങളാണ് ചോദ്യങ്ങൾ തയ്യാറാക്കാൻ അവലംബിച്ചതെന്നാണ് അധ്യാപകർ നൽകിയ മൊഴി. അതേസമയം, ചോദ്യങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്താനായി അവ പരിശോധിച്ചില്ലെന്നാണ് എഇഒമാരുടെ വിശദീകരണം. സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിനായാണ് വിവാദ ചോദ്യങ്ങൾ തയ്യാറാക്കിയത്. എൽപി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പ്രകീർത്തിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്ക് നൽകിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉണ്ടായിരുന്നത്. ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം. ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കെ. ഗുരുപ്രസാദ് റായിയെ സസ്പെൻഡ് ചെയ്തത്.

Related Articles

Back to top button