മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചയിൽ മുഖ്യപ്രതി നിശാന്ത് പിടിയിൽ. സുഹൃത്തായ മീനാക്ഷിയുടെ വീടുപണി പൂർത്തിയാക്കാനും കടം വീട്ടാനുമുള്ള പണം കണ്ടെത്താനാണ് നിശാന്ത് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മധുരയിലെ തനിഷ്‌ക് ജുവലറിയിൽ നിന്ന് 21 കോടിയിലേറെ രൂപയുടെ സ്വർണമാണ് കവർന്നത്. സേലത്തേക്ക് പോയ ബസിൽനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. നേരത്തെ ഇയാളെത്തേടി ഹൈദരാബാദ്, ബംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് രണ്ട് പ്രത്യേക സംഘങ്ങൾ പോയിരുന്നു. അതേസമയം മീനാക്ഷിയെയും നിശാന്തിന്റെ പിതാവ് സുരേഷിനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് പോലീസ് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൊഴി പ്രകാരം അഞ്ച് കിലോ സ്വർണവും കണ്ടെടുത്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവർച്ച. നിരവധി തവണ നിശാന്ത് ഷോറൂമിലെത്തി.

ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 14നു തിടുക്കപ്പെട്ടാണ് തനിഷ്‌ക് പ്രവർത്തനമാരംഭിച്ചത്. ഷോറൂമിന്റെ പണി പൂർത്തിയായിരുന്നില്ല. മോഷണത്തിനു മുൻപ് ആഭരണം വാങ്ങാനെന്ന വ്യാജേന മൂന്നുതവണ നിശാന്ത് ജുവലറിയിലെത്തിയിരുന്നു. വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നത്. എന്നാൽ ഒരേ തൊപ്പിയായിരുന്നു മൂന്നുതവണയുമെന്ന് സി.സി ടിവിയിൽ കണ്ടെത്തി. കൈയിൽ ബാൻഡേജുമുണ്ടായിരുന്നു. ആഭരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന രീതിയും ഷോറൂമിന്റെ ഉൾവശവും മനസിലാക്കാനായിരുന്നു സന്ദർശനം.നവംബർ 5നു പുലർച്ചെ ഷോറൂമിൽ കടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 12നു പുലർച്ചെ 3.34ന് വീണ്ടുമെത്തിയ നിശാന്ത് കെട്ടിടത്തിനു പുറത്തുള്ള ഇരുമ്പ് ഗോവണി വഴി മൂന്നാം നിലയിലെ ടെറസിലേക്കുകയറി. പണി പൂർത്തിയാകാത്ത ലിഫ്റ്റിന്റെ ഷാഫ്റ്റിൽ കയർ കെട്ടി താഴേക്കിറങ്ങി ഷോറൂമിൽ കടന്നു. ഒരു മണിക്കൂറെടുത്ത് ആഭരണങ്ങൾ ബാഗുകളിലാക്കിയശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. കൂടുതൽ ആഭരണങ്ങൾ ഡിസ്‌പ്ലേയിൽ സൂക്ഷിച്ചതും സുരക്ഷാഅലാറം ഓഫായിരുന്നതും ഇയാൾക്ക് സൗകര്യമായി.

Related Articles

Back to top button