കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുടെ ആനുകൂല്യങ്ങൾ കൂട്ടി… സിറ്റിംഗ് ഫീസ്…

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും യാത്രാബത്തയും വർധിപ്പിച്ചു. സിറ്റിംഗ് ഫീസ് 750 രൂപയിൽ നിന്ന് 2,000 രൂപയായാണ് ഉയർത്തിയത്. യാത്രാബത്ത കിലോമീറ്ററിന് 9 രൂപയിൽ നിന്ന് 14 രൂപയായും വർധിപ്പിച്ചു. നവംബർ 9നാണ് സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങളുടെ യാത്രാബത്തയും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ച് സർവകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയത്.
ഇതോടെ സിറ്റിംഗ് ഫീസിൽ 160 ശതമാനത്തിലേറെ വർധനയുണ്ടായി. 2013ന് ശേഷം ആദ്യമായാണ് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. അതുകൊണ്ടാണ് ഉയർന്ന വർധന നടപ്പാക്കിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ജൂൺ മാസത്തിൽ യുഡിഎഫ് അംഗങ്ങൾ സിൻഡിക്കേറ്റിൽ ചുമതലയേറ്റതിന് പിന്നാലെയാണ് ആനുകൂല്യങ്ങൾ വർധിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.



