മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം… ഖാർഗെയുടെ വസതിയിലേക്ക് ബിജെപി…

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപി ഇന്ന് ഉച്ചയ്ക്ക് 12.15ന് പ്രതിഷേധ മാർച്ച് നടത്തും. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര മാർച്ചിന് നേതൃത്വം നൽകും. ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ പട്‌ന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷയം പ്രാദേശിക തലത്തിൽ ഒതുക്കാതെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയ മുതിർന്ന നേതാക്കളും ഖാർഗെയെ വിമർശിച്ച് രംഗത്തെത്തി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഖാർഗെയുടെ പരാമർശത്തെ അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോയെന്നും ബിജെപി നേതാക്കൾ ചോദിച്ചു. ഖാർഗെയുടെ പരാമർശം വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും കോൺഗ്രസ് നേതാക്കൾ മുൻപും അപമാനിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാറുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കോൺഗ്രസിനെതിരെ അമിത് ഷായും പിയൂഷ് ഗോയലും ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി നൽകുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

Related Articles

Back to top button