കൂറ്റൻ പാറ വീണ് കിണർ തകർന്നു… കിടപ്പുരോഗിയായ അമ്മയും അച്ഛനുമടങ്ങിയ കുടുംബം….

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട്ട് കൂറ്റൻ പാറ അടർന്നുവീണ് കിണർ പൂർണ്ണമായും തകർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ ഭയത്തിലാഴ്ത്തിയ ഈ സംഭവം ഉണ്ടായത്. ഭാഗ്യവശം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിനു പുറകുവശത്തെ പുരയിടത്തിൽ നിന്നാണ് വലിയ പാറക്കല്ല് ഉരുണ്ട് വീടിന് സമീപത്തെ കിണറിനു മുകളിലേക്ക് പതിച്ചത്. വലിയ ശബ്ദത്തോടെ പാറ പതിച്ചതിനെത്തുടർന്ന് കിണർ പൂർണ്ണമായും ഇടിഞ്ഞ് തകർന്നുപോയി. പാറ അല്പം കൂടി ഉരുണ്ടുവന്നിരുന്നെങ്കിൽ വീട് പൂർണ്ണമായി തകരുമായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
സംഭവസമയത്ത് വീട്ടിൽ ബിനുവിനൊപ്പം കിടപ്പുരോഗിയായ അമ്മയും അച്ഛനുമാണ് ഉണ്ടായിരുന്നത്. പുറത്ത് ആരും ഇല്ലാതിരുന്നതും ആളപായം ഒഴിവായതും വലിയ ആശ്വാസമായി. പ്രദേശത്തെ നിരവധി വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഏക കിണറാണ് ഇതോടെ നഷ്ടപ്പെട്ടത്. എന്നാൽ അപകടം വരുത്തിയ ആഘാതത്തിനൊപ്പം മറ്റൊരു വലിയ ഭീതികൂടിയാണ് ഈ കുടുംബത്തെയും നാട്ടുകാരെയും അലട്ടുന്നത്. അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുകളിലായി മറ്റൊരു കൂറ്റൻ പാറകൂടി ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിൽ നിൽപ്പുണ്ട്. കടുത്ത ആശങ്കയിലും ഭയത്തിലുമാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുടുംബത്തിന് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.



