3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ്…

ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ രണ്ട് തലകളും ഒരു ശരീരവുമുള്ള അപൂർവ്വ കുഞ്ഞ് ജനിച്ചു. ‘ഡൈസെഫാലിസ് പാരപാഗസ്’ എന്നറിയപ്പെടുന്ന ഈ അവസ്ഥ മൂന്ന് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്നതാണ്. കുഞ്ഞ് ഇപ്പോൾ ബെർഹാംപൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഭുവനേശ്വർ: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ അപൂർവ്വമായ അവസ്ഥയോടെ കുഞ്ഞ് ജനിച്ചു. ഒരു കുട്ടിക്ക് രണ്ട് തലകളും കഴുത്തുകളും എന്നാൽ ഒരു ശരീരം മാത്രവുമുള്ള അപൂർവ്വ അവസ്ഥയിലാണ് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് (ഒക്ടോബർ 10) സിസേറിയനിലൂടെ കുഞ്ഞ് പിറന്നത്. തുടർന്ന് ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യൽ നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് (എസ്‌എൻസിയു) കുട്ടിയെ മാറ്റി.

വൈദ്യശാസ്ത്രപരമായി ‘ഡൈസെഫാലിസ് പാരപാഗസ്’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് പ്രദേശവാസിയായ ദിവസക്കൂലി തൊഴിലാളിയുടെ ആദ്യത്തെ കുഞ്ഞാണിത്. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുട്ടി ജനിച്ചത്. ഒരു ജോടി കൈകളും കാലുകളുമാണ് ആൺകുട്ടിക്കുള്ളത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി, അതായത് മൂന്ന് ലക്ഷം ജനനങ്ങളിൽ ഒന്നിൽ മാത്രമാണ് സമാനമായ ജോടി കുട്ടികളുടെ ജനനം റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഒഡിഷയിൽ ഏറെ ചർച്ചയായ ജഗ-കലിയ സഹോദരങ്ങളുടെ വാർത്തയും ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. കുഞ്ഞിന്‍റെ ആരോഗ്യനില നിർണായകമായതിനാൽ അടുത്ത ദിവസങ്ങളിലെ പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Related Articles

Back to top button