വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ….

വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി ഫിറോസ് ആണ് പിടിയിലായത്. പ്രധാന പ്രതി ഷിൻ്റോ ഷിബുവുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഫിറോസ്. മലബാറിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരൻ ആണ് പിടിയിലായ ഫിറോസ് എന്ന് പൊലീസ്. ഇയാളെ മുൻപ് മൊടക്കല്ലൂരിലെ ലോഡ്‌ജിൽ വച്ച് യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് സംഘം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ കൂത്താളി സ്വദേശി അനസിന്റെ കൂട്ടാളിയാണ് ഫിറോസ്.
വടകര എംഡിഎംഎ കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സമാനതകളില്ലാത്ത വീഴ്ചയായിരുന്നു. ലഹരി മാഫിയയുടെ മുഖ്യ സൂത്രധാരനും വയനാട് സ്വദേശിയുമായ ഷിന്റോയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരും ജയിൽ മോചിതരായി. അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിന് ജാമ്യം ലഭിച്ചെങ്കിലും പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു മയക്കുമരുന്ന് കേസ് നിലവിലുള്ളതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.



