ഫ്ലാറ്റിലും കെട്ടിടത്തിലും കയറി വൻ കവർച്ച… 48കാരൻ പിടിയിൽ

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൽവത്തി കരയിൽ താമസിക്കുന്ന ഷെഹീർ (48) എന്നയാളെയാണ് ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ബാങ്കുമൂലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഫോർട്ട് കൊച്ചി ദ്രോണാചാര്യക്ക് സമീപമുള്ള കോറൽ ഹെറിറ്റേജ് ഫ്ലാറ്റിലും പ്രിൻസസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തിലുമായിരുന്നു മോഷണം.

കോപ്പർ കോയിലുകൾ, പൈപ്പ് ഫിറ്റിങ്ങുകൾ, ഇലക്ട്രിക് മോട്ടറുകൾ, എ.സിയുടെ ഔട്ട്ഡോർ യൂണിറ്റ് ഫിറ്റിങ്ങുകൾ, ഇലക്ട്രിക് വയറുകൾ, ടൂളുകൾ എന്നിവയാണ് മോഷ്ടിച്ചത്. അറസ്റ്റിന് പിന്നാലെ നടത്തിയ തെളിവെടുപ്പിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് മോഷണം പോയ ഇലക്ട്രിക് വയറുകളും ടൂളുകളും കോപ്പർ കോയിലുകളും പൊലീസ് കണ്ടെടുത്തു. നാല് മാസം മുൻപ് ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്കൂളിൽ മോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നിർദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സി.ഐ. വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ., എസ്.ഐ.മാരായ അജ്മൽ ഹുസൈൻ, നിസ്സാമുദ്ദീൻ, എ.എസ്.ഐ.മാരായ ശ്രീകുമാർ, പ്രിൻസി, എസ്.സി.പി.ഒ. ബിനു, സി.പി.ഒ.മാരായ സബീർ പി. ബഷീർ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button