സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്വർണം തട്ടി… പ്രധാന പ്രതി….

കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയെ കബളിപ്പിച്ച് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിന് പിന്നാലെ ഒന്നര മാസത്തോളമായി പ്രതി ബംഗളൂരു, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.

മഞ്ചേരി പൊലീസിന്റെ സഹായത്തോടെ കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും വ്യാജ ആധാർ കാർഡും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കളമശ്ശേരി സി.ഐ. അഭിലാഷ് എ.എൽ., എസ്.ഐ. രാംലാൽ, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., കലേഷ് ഡി.ജി., ലിബിൻ കുമാർ, അനീഷ് കുമാർ, പ്രശോബ്, ശ്രീജിഷ് എന്നിവരടങ്ങിയ സംഘം വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button