പിഎസ്‌സി പരീക്ഷാ ക്രമക്കേട്.. ഹൈക്കോടതിയുടെ നിർണായക നീക്കം…

കൊച്ചി: ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേടിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിൽ സർക്കാരിന് നിർണായക ഉത്തരവുമായി ഹൈക്കോടതി. കേസിന്റെ അടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാരിന് അനുമതി നൽകിയ കോടതി, പിഎസ്‌സി ഹർജി നൽകി എന്നുവെച്ച് അന്വേഷണം നിർത്തിവെക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബദറുദ്ദീന്റേതാണ് ഉത്തരവ്.

കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹർജി പരിഗണനയിൽ മാത്രമാണെന്നും വ്യക്തമാക്കിയ ജസ്റ്റിസ് ബദറുദ്ദീൻ, ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ചു. അതേസമയം, ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ്‌സി ഇന്ന് കൂടുതൽ സമയം തേടി. കേസ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. കേസ് നീട്ടിക്കൊണ്ടുപോകാനാണ് പിഎസ്‌സി ശ്രമിക്കുന്നതെന്ന ആക്ഷേപവും ഇതിനിടെ ഉയരുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പിഎസ്‌സി.

കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ ബോധപൂർവ്വം മൂല്യനിർണ്ണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ കേസിൽ നടന്ന പുനർമൂല്യനിർണ്ണയത്തിൽ റാങ്ക് പട്ടിക മാറിമറിഞ്ഞു. യഥാർത്ഥ പരാതിക്കാരനായ ശ്യാം കൃഷ്ണൻ പുതിയ പട്ടികയിൽ ഒന്നാം റാങ്കുകാരനായി മാറി. ഈ പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ അഡ്വൈസ് മെമ്മോയും പിഎസ്‌സി നൽകിയിട്ടുണ്ട്.

Related Articles

Back to top button