‘ബ്രേക്കിംഗ് ബാഡ്’ താരം ആര്‍ജെ മിറ്റി അന്തരിച്ചു

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ നടന്‍ ആര്‍ജെ മിറ്റി (34) അന്തരിച്ചു. ടിവി സീരീസായ ‘ബ്രേക്കിംഗ് ബാഡിലെ’ സുപ്രധാന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരത്തെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചരിത്ര പ്രസിദ്ധമായ ‘ബ്രേക്കിംഗ് ബാഡ്’ പരമ്പരയില്‍ അധോലോകത്തെ മയക്കുമരുന്ന് രാജാവായി മാറിയ കെമിസ്ട്രി അധ്യാപകന്‍ വാള്‍ട്ടര്‍ വൈറ്റിന്റെ മൂത്ത മകനായ ‘വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍’ (ഫ്ലിൻ) എന്ന കഥാപാത്രത്തെയാണ് മിറ്റി അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെ പൊതുവിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകേണ്ടതിന്റെ ആവശ്യകതയും ലോകം അവരെ ഉള്‍ക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്ന മിറ്റി, ഭിന്നശേഷിക്കാരേയും ശാരീരിക പരിമിതികളേയും കുറിച്ചുള്ള പൊതുബോധം മാറ്റിയെടുക്കാനായി ‘ദി മിറ്റി ഫൗണ്ടേഷന്‍’ എന്ന സംഘടന രൂപീകരിച്ചിരുന്നു. ലാഭേച്ഛയില്ലാത്ത ആശുപത്രി ശൃംഖലയായ ഷ്രൈനേഴ്സ് ചില്‍ഡ്രന്‍സിന്റെയും യുണൈറ്റഡ് സെറിബ്രല്‍ പാള്‍സിയുടേയും അംബാസിഡറായും അദ്ദേഹം പ്രവര്‍ത്തിച്ചു. നടനെന്നതിലുപരി സെറിബ്രല്‍ പാള്‍സിയോടൊപ്പം ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. തന്റെ സഹതാരം എന്നതിലുപരി സ്വന്തം മകനെപ്പോലെയാണ് മിറ്റിയെ കാണുന്നതെന്ന് ‘ബ്രേക്കിംഗ് ബാഡിലെ’ കേന്ദ്രകഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിനെ അവതരിപ്പിച്ച ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. “എന്റെ ഓമന പുത്രന്‍ വിടവാങ്ങി, സെറിബ്രല്‍ പാള്‍സി എന്ന വെല്ലുവിളി ഒന്നിലും അവന്‍ ഒരു എക്‌സ്‌ക്യൂസ് ആക്കിയിട്ടില്ല, നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു മകനേ” എന്നാണ് അദ്ദേഹം കുറിച്ചത്. ഈ വേര്‍പാട് ഹൃദയഭേദകമാണെന്ന് സീരീസില്‍ മിറ്റിയുടെ അമ്മാവനായി അഭിനേയിച്ച ഡിയാന്‍ നോറിസും പ്രതികരിച്ചു.




