പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം… യുവാവിന്…

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ യുവാവിന് തടവും പിഴയും ശിക്ഷ. അഞ്ചുകുന്ന് പാലുകുന്ന് പുത്തൂര്‍കുന്ന് ഉന്നതി സ്വദേശിയായ എം. മുകേഷ് (33) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. അഞ്ച് വര്‍ഷവും രണ്ട് മാസവും തടവും 76,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. 2023 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തെന്നായിരുന്നു കേസ്. തുടര്‍ന്ന് 2023-ല്‍ പനമരം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്നത്തെ പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.കെ. അബൂബക്കര്‍ ആയിരുന്നു കേസില്‍ ആദ്യാന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ. വി. സിജിത്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത കോടതിയില്‍ ഹാജരായി.




