ചികിത്സാ പിഴവ് മൂലം സൈബീരിയന്‍ ഹസ്കി നായയുടെ ശരീരം തളര്‍ന്നു… മൃഗാശുപത്രിക്ക് മുന്നില്‍ ഉടമയുടെ….

പറവൂർ: തന്റെ വളർത്തുനായ്ക്ക് ശരീരം തളരാൻ കാരണം പറവൂർ മൃഗാശുപത്രിയിലെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ഉടമയുടെ വ്യത്യസ്തമായ സമരം. കൈതാരം അഞ്ജലിയിൽ എ.പി. വിഷ്ണുപ്രസാദ് ആണ് നായയുമായി എത്തി മൃഗാശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നായയ്ക്കാണ് ഡോക്ടറുടെ പിഴവ് മൂലം ഈ ദുസ്ഥിതി ഉണ്ടായതെന്ന് വിഷ്ണുപ്രസാദ് ആരോപിക്കുന്നു. നായ്ക്ക് ചെള്ളുപനി ആണെന്ന തെറ്റായ നിഗമനത്തിലാണ് ഡോക്ടർമാർ ചികിത്സ നൽകിയതെന്നും, ഈ തെറ്റായ ചികിത്സയാണ് നായയുടെ ശരീരം തളരാൻ കാരണമെന്നുമാണ് വിഷ്ണുപ്രസാദ് പറയുന്നത്.

പിന്നീട് മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് നായയുടെ കരളിൽ അർബുദ ബാധയാണെന്ന് വ്യക്തമായത്. തുടർചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ വേണ്ടി വരും. നായയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായവർ ഇതിനുള്ള പണം ചെലവഴിച്ച് തുടർ ചികിത്സ ഉറപ്പാക്കണമെന്നും, അല്ലാത്തപക്ഷം നായയ്ക്ക് ദയാവധം അനുവദിക്കണമെന്നുമാണ് വിഷ്ണുപ്രസാദിന്റെ പ്രധാന ആവശ്യം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പിന്റെ ആലുവ ജില്ലാ ഓഫിസിലും തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലും പറവൂർ പൊലീസിലും പരാതി നൽകിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് വിഷ്ണുപ്രസാദ് വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം നായയുമായി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

Related Articles

Back to top button