മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം… ഡൽഹിയിൽ സമരപരമ്പര

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഭരണഘടനാ ദിനത്തിൽ ഡൽഹിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ. കോൺഗ്രസ്, സിപിഐഎം, ഇടത് വിദ്യാർഥി-യുവജന സംഘടനകൾ, എസ്ഐആർ വിരുദ്ധ കൂട്ടായ്മ, സിജെപി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും തെരുവിലിറങ്ങും. രാവിലെ 11.30ന് എകെജി ഭവനിൽ ഭരണഘടനാ ദിനാചരണത്തോടെയാണ് സിപിഐഎം പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.
തുടർന്ന് ഇടത് യുവജന-വിദ്യാർഥി സംഘടനകൾ, ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച എസ്ഐആർ വിരുദ്ധ കൂട്ടായ്മ, പൗരാവകാശ സംഘടനകൾ എന്നിവർ ഉച്ചയ്ക്ക് 12.30ന് മന്ദിർ മാർഗിലെ വാൽമീകി സദനിൽ നിന്ന് പ്രതിഷേധം ആരംഭിക്കും. സമരത്തിന് സിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയടക്കം രാജ്യത്തെ നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകൾ പ്രതിഷേധിക്കും. ഡൽഹിയിലെ മന്ദിർ മാർഗിലുള്ള കാളിബാരി മന്ദിറിൽ നിന്നാണ് കർഷകരുടെ പ്രതിഷേധം ആരംഭിക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തിന് പുറമെ ഏഴ് ആവശ്യങ്ങളും കർഷക സംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്.
അതേസമയം, ഡിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ലഖ്നൗവിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ആത്മഘടനാ സംരക്ഷണ മാർച്ചിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. യൂത്ത് കോൺഗ്രസും എൻഎസ്യുഐയും ഡൽഹിയിൽ മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിച്ചു.



