ബീവറേജ് പരിസരങ്ങളിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച..

പടിഞ്ഞാറത്തറ ബീവറേജ് പരിസരങ്ങളിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട് കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്.
ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി ഭീതി പടർത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരെ പനമരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എൻ.ഡി.പി.എസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കൽപ്പറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ട് കേസുകൾ നിലവിലുണ്ട്. കൽപ്പറ്റ സ്റ്റേഷനിലും സൈദുള്ളക്ക് കേസുണ്ട്.




