സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ..

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ ബീഡി. ബെംഗളൂരു സ്വദേശിയായ പ്രിയം തഹാബിൽദർ എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്ത് നൽകിയ പാത്രത്തിൽ സവാളയ്ക്കൊപ്പം ഒരു ബീഡി കിടക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘സൊമാറ്റോയിൽ നിന്ന് പാവ് ഭജി ഓർഡർ ചെയ്തപ്പോൾ ഫ്രീയായി ഒരു ബീഡിയും ലഭിച്ചു. പക്ഷേ, അത് പൂർണ്ണമായും വലിച്ചു കഴിഞ്ഞതായിരുന്നു. ഇത്തരത്തിലുള്ള ഒരു ഫ്രീബിയല്ല ഞാൻ ആഗ്രഹിച്ചിരുന്നത്’ എന്നായിരുന്നു ചിത്രം സഹിതമുള്ള പ്രിയത്തിന്റെ കുറിപ്പ്.
ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. ‘നിങ്ങളുടെ ശീലം റെസ്റ്റോറന്റുകാർക്ക് അറിയാമായിരിക്കാം’, ‘എക്സ്ട്രാ സ്മോക്ക് ഫ്ലേവർ ചേർത്തതാണ്’, ‘ഇത് സീസണൽ ഓഫറായിരിക്കാം. ആ ഓഫർ ലഭിച്ചതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ’ എന്നിങ്ങനെ നിരവധി തമാശ കമന്റുകൾ ചിത്രത്തിന് വന്നു. അതേസമയം, ഇത് സൊമാറ്റോയുടെ കുറ്റമല്ലെന്നും പാക്കിംഗ് നടത്തിയത് റെസ്റ്റോറന്റിലാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു. പാക്ക് ചെയ്യുന്നതിനിടയിൽ പാചകക്കാരൻ അറിയാതെ വെച്ചതാകാം ഈ ബീഡി എന്നും ചിലർ അഭിപ്രായപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൊമാറ്റോ പ്രിയത്തോട് ഓർഡർ വിവരങ്ങൾ ഡി.എം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അടുത്ത ഓർഡറിനൊപ്പം 100 രൂപയുടെ കൂപ്പൺ നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സംഭവം സാമൂഹിക മാധ്യമങ്ങളിൽ നിരവധി കമന്റുകൾക്ക് കാരണമായി തീർന്നു. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്നും ആളുകൾ കമന്റ് നൽകി.



