ഉണർന്നത് ബാങ്ക് നോട്ടിഫിക്കേഷൻ കണ്ട്, ഒറ്റ രാത്രി കൊണ്ട് അക്കൌണ്ടിലെത്തിയത് 294 കോടി രൂപ, പൊലീസ് സഹായം തേടി യുവാവ്

ഉറങ്ങാൻ കിടന്നപ്പോൾ ബാങ്ക് അക്കൌണ്ടിലുള്ളത് 113 രൂപ. രാവിലെ വിളിച്ച് എഴുന്നേൽപ്പിച്ചത് ബാങ്ക് നോട്ടിഫിക്കേഷൻ. അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് അന്ധാളിച്ച് ബിഹാറിലെ പ്ലംബർ. ബിഹാറിലെ ഗയയിലാണ് ഒറ്റ രാത്രികൊണ്ട് പ്ലംബറായ യുവാവിന്റെ അക്കൌണ്ടിലേക്ക് 294 കോടി രൂപയെത്തിയത്. മസ്തപുര നിവാസിയായ വികാസ് കുമാറിന്റെ അക്കൌണ്ടിലേക്ക് വ്യാഴാഴ്ചയാണ് വൻതുകയെത്തിയത്. അപ്രതീക്ഷിതമായി കോടിക്കണക്കിന് രൂപ ഒരു അക്കൌണ്ടിലേക്ക് എത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്കൌണ്ടിൽ ഒറ്റരാത്രി കൊണ്ട് വൻതുക വന്നതോടെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ യുവാവ് തന്നെ പൊലീസ് സഹായം തേടുകയായിരുന്നു. ബാങ്ക് രേഖകളും സെർവർ ലോഗുകളും ട്രാൻസാക്ഷൻ ഐഡികളും അക്കൌണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിച്ച് സംഭവച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.




