ഓണത്തിന് മുൻപ് നെല്ലിൻറെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാഴായി

ഓണത്തിന് മുൻപ് നെല്ലിൻറെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാഴായി. പാലക്കാട് ജില്ലയിൽ ഇനിയും തുക കിട്ടാതെ പതിനായിരത്തോളം കർഷകർ ദുരിതത്തിലാണ്. ഇവരിൽ പലരും 70 പിന്നിട്ടവരാണ്. അടുത്ത കൊയ്ത്തിന് സമയമായിട്ടും 8 മാസം മുൻപ് കൊടുത്ത നെല്ലിൻറെ പണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണിവർ. നെല്ലെടുപ്പിൽ കേന്ദ്ര താങ്ങുവില വിഹിതത്തിൽ നിന്ന് 209 കോടി രൂപ അനുവദിച്ചിരുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് തന്നെയാണ് ഈ വിവരം അറിയിച്ചിരുന്നതും. രണ്ടാംവിള നെല്ലെടുപ്പിൽ സംസ്ഥാന പ്രോത്സാഹന വിഹിതം പൂർണതോതിൽ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോൾ നെല്ലുവില നൽകുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലുവില മുഴുവനും കൊടുത്തുതീർക്കാനാകും എന്നായിരുന്നു വാദം. എന്നാൽ നിലവിൽ തുക കിട്ടാതെ വലഞ്ഞിരിക്കുകയാണ് കർഷകർ.
മന്ത്രിയെന്ന നിലയിൽ, ഡൽഹിയിൽ കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദർശിച്ചു നിവേദനം നൽകുകയും നിരന്തരം കത്തുകൾ അയക്കുകയും ചെയ്തതിന്റെ തുടർച്ചയായാണു കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു. ഒട്ടും വൈകാതെ നെല്ലു വില പൂർണമായും കൊടുത്തു തീർക്കുമെന്നു സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതാണ്. ഈ ഉറപ്പു പാലിക്കാൻ അവധി ദിവസങ്ങളിലടക്കം കർഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് പാലിക്കപ്പെടാതെ പോയത്.



