ലക്ഷദ്വീപിലെ അഗത്തിയിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ..

ലക്ഷദ്വീപിലെ അഗത്തിയിൽ നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ അഡ്മിനിസ്ട്രേഷൻ അധികൃതർ പൊളിച്ചുനീക്കി. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പാണ് അധികൃതർ പൊളിക്കൽ നടപടിയുമായി മുന്നോട്ടുപോയത്. ഈ മാസം 10നാണ് കെട്ടിടങ്ങൾക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകിയത്. സെപ്റ്റംബർ 17നകം മറുപടി നൽകണം എന്നായിരുന്നു നിർദേശം. എന്നാൽ നോട്ടീസ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തത്. അധികൃതരുടെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ദ്വീപിൽ ഉയർന്നത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് ശക്തമായ പ്രതിഷേധമുയരുകയും പ്രതിഷേധിച്ച കോൺഗ്രസ്, എൻസിപി (ശരത് പവാർ വിഭാഗം) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. എൻസിപി നേതാവ് ഒ.പി ജബ്ബാർ, കോൺഗ്രസ് നേതാവ് ദിൽഷാദ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളാണ് അറസ്റ്റിലായത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പണ്ടാരഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ടെങ്കിലും കെട്ടിട നിർമാണത്തിന് ആവശ്യമായ ഡൈവേർഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേഷൻ ഭരണകൂടം കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് കടന്നത്.




