ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളി പിഎസ്‌സി

ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി മൊഴി നൽകണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളി പിഎസ്‌സി. അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്നാണ് ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിൽ തീരുമാനമായത്. അന്വേഷണസംഘത്തിന് മൊഴിയെടുക്കണമെന്നുണ്ടെങ്കിൽ പിഎസ്‌സി ഓഫീസിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും യോഗം വ്യക്തമാക്കി. സ്ഥാപനത്തിന്റെ അന്തസ്സ് തകർക്കാനും ഭരണഘടനാ സ്ഥാപനത്തെ ബോധപൂർവ്വം ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നതെന്നും യോഗം വിമർശിച്ചു.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷ ക്രമക്കേട് പരാതിയിൽ പിഎസ്‌സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് എസ്ഐടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആകില്ലെന്നും മൊഴിയെടുക്കാൻ പിഎസ്‌സി ഓഫീസിലേക്ക് വരണമെന്നുമായിരുന്നു പിഎസ്‌സി സെക്രട്ടറിയുടെ നിലപാട്. നിലവിൽ പിഎസ്‌സിയുടെ നാല് അംഗങ്ങൾക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് നോട്ടീസ് നൽകും. പിഎസ്‌സി ചെയർമാൻ ഉൾപ്പെടെ പതിനാറ് പേർക്കെതിരെയാണ് പരാതിയുള്ളത്.

Related Articles

Back to top button