ശബരിമലയിൽ അരവണ ക്ഷാമം ഭയക്കേണ്ട… പ്രതിദിനം രണ്ട് ലക്ഷം ടിൻ ഉത്പാദിപ്പിക്കുമെന്ന്….

തിരുവനന്തപുരം: ശബരിമലയിൽ അരവണ ക്ഷാമമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്രതിദിനം രണ്ട് ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും 60 ലക്ഷം ടിൻ കരുതൽ ശേഖരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അരവണ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. രാത്രിയും പകലുമായി ഉത്പാദനം നടത്താനാണ് തീരുമാനം. ആവശ്യമായ സാമഗ്രികൾ സന്നിധാനത്ത് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കരാർ ഇന്ന് മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമഗ്രികളുടെ നീക്കം സുഗമമാക്കുന്നതിനായി ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് ഭക്തർക്ക് അരവണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. അതേസമയം, ശബരിമല ഡിജിറ്റലൈസേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കിൻഫ്രയ്ക്ക് പണം നൽകിയിട്ടില്ലെന്നും കെ. ജയകുമാർ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക് പിന്മാറാമെന്നും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ നിന്നാണ് പദ്ധതിക്കുള്ള പണം ചിലവാകുന്നത്. പദ്ധതി വഴിയിൽ നിലച്ചുപോകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ടുപോയാൽ കാര്യങ്ങൾ ശുഭകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



