സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുക്കും… കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിലവിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി വഴുതക്കാട് ട്രാൻസ് ഭവനിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബസുകളുടെ സർവീസ് കാലപരിധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ കമ്മിഷൻ നൽകിയ ശുപാർശകൾ നിയമാനുസൃതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായി. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സർക്കാരുമായി നിരന്തര ആശയവിനിമയം ഉറപ്പാക്കുന്നതിനുമായി സ്ഥിരം സമിതിയും രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയായിരിക്കും സമിതി പ്രവർത്തിക്കുക. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിച്ച് സർവീസ് രംഗം കൂടുതൽ കാര്യക്ഷമമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.



