തണ്ണീർമുക്കം കൊലപാതകം… പൊലീസ് പ്രതിയെന്ന് ഉറപ്പിച്ച സമീപവാസി…

ആലപ്പുഴ: തണ്ണീർമുക്കം കരിക്കാട് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53) കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചിരുന്ന സമീപവാസി പി.ആർ. ഐറിഷ് (48) പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥ ചേർത്തല സിഐ എം.എം. മഞ്ജുദാസിന് മുന്നിലാണ് ഐറിഷ് കീഴടങ്ങിയത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച ഐറിഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കുശേഷം ഇയാൾ പൊലീസിൽ കീഴടങ്ങിയത്.
മുഹമ്മ പൊലീസ് സ്റ്റേഷനിലെത്തിച്ച ഐറിഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. തടിപ്പണിക്കാരനായിരുന്ന സന്തോഷ് രണ്ടുവർഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സമീപവാസികളുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. സന്തോഷിനെതിരെ സമീപവാസിയായ പെൺകുട്ടിയോട് മോശമായി സംസാരിച്ചെന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് എത്തിയിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഖമില്ലാതെ കിടക്കുകയാണെന്ന് കരുതി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി 108 ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ സന്തോഷിന്റെ മുഖം രക്തത്തിൽ കുളിച്ച നിലയിലും തലയിലും ചെവിക്ക് പിന്നിലും മുറിവുകളോടെയും കണ്ടെത്തി. തുടർന്ന് മരണം സ്ഥിരീകരിച്ചു.
മുറിക്ക് സമീപത്തുനിന്ന് രണ്ടായി ഒടിഞ്ഞ നിലയിലുള്ള മുളങ്കമ്പും പൊലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ പ്രകാരം തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നിന്നെത്തിച്ച പൊലീസ് നായ വീടിന് മുന്നിലെ റോഡിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിന് സമീപം വരെ പോയി നിന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സന്തോഷിനെ ചോദ്യം ചെയ്യാനെത്തിയ ഐറിഷുമായി തർക്കമുണ്ടാകുകയും ഇതിനിടെ മർദനമേൽക്കുകയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഐറിഷിന്റെ കീഴടങ്ങലോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.



