ശബരിമല വിജിലൻസ് സംഘത്തെ മാറ്റാൻ നീക്കം… ഹൈക്കോടതി നിർദേശം മറികടന്നെന്ന് ആരോപണം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അന്വേഷിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് സംഘത്തെ മാറ്റരുതെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെ പുതിയ സംഘത്തെ നിയമിക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നീക്കമെന്ന് റിപ്പോർട്ട്. നിലവിലെ ഉദ്യോഗസ്ഥർക്ക് പകരം പുതിയ ആറംഗ സംഘത്തെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുകയും, അപേക്ഷാ കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ പുതിയ ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയും ചെയ്തതായാണ് വിവരം.
ശബരിമലയിലെ സ്വർണക്കൊള്ള, നെയ്യഭിഷേകത്തിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തിയത് എസ്.പി. വി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം വിജിലൻസ് സംഘമാണ്. നിലവിൽ ഒരു എസ്.പി., മൂന്ന് എസ്.ഐമാർ, മൂന്ന് സി.പി.ഒമാർ എന്നിവരടങ്ങുന്നതാണ് വിജിലൻസ് വിഭാഗം. സുനിൽ കുമാറിന്റെ കാലാവധി നീട്ടിയതായി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. നിലവിലെ വിജിലൻസ് ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം നേരത്തെയും ഉണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ടിരുന്നു. സെപ്റ്റംബർ രണ്ടിന് ദേവസ്വം ബെഞ്ച് നിലവിലെ അന്വേഷണ സംഘത്തിന്റെ കാലാവധി 2027 ഡിസംബർ 31 വരെ ദീർഘിപ്പിക്കാനും ഒഴിവുള്ള ഒരു എസ്.ഐ തസ്തികയിലേക്ക് മാത്രം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാനും നിർദേശിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ സെപ്റ്റംബർ എട്ടിന് സംസ്ഥാന പോലീസ് മേധാവി പുതിയ ഉത്തരവിറക്കി. ശബരിമല സന്നിധാനത്തെ ദേവസ്വം വിജിലൻസ് വിഭാഗത്തിലേക്ക് മൂന്ന് എസ്.ഐമാരെയും മൂന്ന് സി.പി.ഒമാരെയും നിയമിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിമാർ മുഖേന അപേക്ഷ ക്ഷണിക്കുകയായിരുന്നു.
സെപ്റ്റംബർ 15 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷാ കാലാവധി അവസാനിക്കുന്നതിന് മുൻപുതന്നെ സെപ്റ്റംബർ 11-ന് പോലീസ് ആസ്ഥാനത്തുനിന്ന് വീണ്ടും ഉത്തരവിറങ്ങി. പുതിയ ആറംഗ സംഘത്തിന്റെ പട്ടിക തയ്യാറാക്കി വിജിലൻസ് ക്ലിയറൻസിനായി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയതായാണ് വിവരം. എസ്.ഐമാരായ വിഷ്ണു എം.പി., രാംലാൽ എ.ആർ., രമേശൻ പിള്ള എന്നിവരും സി.പി.ഒമാരായ ശ്യാം മോഹൻ എം., രതീഷ് ആർ., വിനു ബി.എസ്. എന്നിവരുമാണ് പട്ടികയിലുള്ളത്. ശബരിമലയിലെ വിവിധ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ പ്രാധാന്യം നൽകിയിരുന്നു. നെയ്യ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ക്രമക്കേടുകളിൽ സ്വതന്ത്രവും വിശദവുമായ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.




