പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകം… സഹതൊഴിലാളി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹതൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് ബിഹാർ സ്വദേശി മുഹമ്മദ് ജാഹിർ കൊല്ലപ്പെട്ടത്. തൊഴിലിനെച്ചൊല്ലി മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നെറ്റിയിലും മുഖത്തും ശക്തമായി അടിയേറ്റ ജാഹിറിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മുഹമ്മദ് ജാഹിർ മരിച്ചതായാണ് വിവരം. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടരുകയാണ്. പെരുമ്പാവൂർ കേരളത്തിലെ പ്രധാന പ്ലൈവുഡ് വ്യവസായ മേഖലകളിലൊന്നാണ്.



