തേനി ജയിൽച്ചാട്ടം.. 13 പ്രതികൾ പിടിയിൽ, പ്രതികളെ കുരുക്കിയത്…

തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടിയിലുള്ള സബ്ജയിലിൽ നിന്നും ചാടിപ്പോയ തടവുകാരിൽ 13 പേരെ പിടികൂടി പൊലീസ്. ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് കൂടുതൽ പേരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. 17 പേരിൽ കണ്ടെത്താനുള്ള നാലുപേർക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയതായി സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. വിചാരണ തടവുകാരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം ജയിൽച്ചാടിയത്. പ്രദേശവാസികളും തടവുകാരുടെ തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. തടവുകാരിൽ ഒരാളെ അയാൾ രക്ഷാപ്പെടാൻ ശ്രമിച്ച ഓട്ടോയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഈ ഓട്ടോയിൽ തന്നെ പൊലീസ് ജയിലിൽ എത്തിക്കുകയും ചെയ്തു.
പ്രതിയാണെന്ന് തിരിച്ചറിയാതെയാണ് ഓട്ടോ ഡ്രൈവർ ഇയാളെ വണ്ടിയിൽ കയറ്റിയത്. ഒരു പൊലീസ് കോൺസ്റ്റബിളാണ് പരിശോധനയ്ക്കിടെ ഓട്ടോ തടഞ്ഞത്. തുടർന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. 17 പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് തമിഴ്നാട് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. കേരളം പൊലീസുമായി ചേർന്ന് ഇടുക്കി, മധുര, ദിണ്ഡിഗൽ എന്നിവിടങ്ങളിൽ താത്കാലിക ചെക്ക് പോസ്റ്റുകളും സജ്ജീകരിച്ചിരുന്നു.
എൻ സോളൈ മുഗിലേശ്വരൻ, കെ മീനാക്ഷി സുന്ദരം, എം കറുപ്പസ്വാമി, പി ശബരീനാഥൻ, പി പൊൻമുത്തു സെൽവൻ, ജി നിഷാന്ത്, എം മുത്തുഇളംഗോവൻ, ആർ റെജിൻ, സി ധരുൺ കുമാർ, കെ തിരുപ്പതി, പി പാണ്ഡിസെൽവം, എൻ കാർത്തിക് രാജ, ടി പ്രവീൺ കുമാർ, എസ് സിലംബരശൻ, എ രാജാ സിക്കൻധർ, കെ രാജ്കുമാർ, ജെ ലിംഗപ്രസാദ് എന്നിവരാണ് തടവുചാടിയത്. പ്രതികളിലൊരാളെ തൊട്ടടുത്ത കാട്ടിൽ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചത്.
ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (പ്രിസൺസ്) ആൻഡ് കറക്ടീവ് സർവീസ് ഡോ. സന്ദീപ് റായ് റാത്തോഡ്, ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആർ കനകരാജ്, ഡിഐജി പ്രിസൺസ് മധുരൈ എ മുരുഗേഷൻ, ഐജിപി സൗത്ത് സോൺ വിജയേന്ദ്ര എസ് ബിദാരി എന്നിവർ പ്രാദേശിക ജയിൽ അധികൃതരെ സന്ദർശിക്കുകയും ജയിൽ പരിസരങ്ങളിലെ സാഹചര്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടവരെല്ലാം ഒരു സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. സുരക്ഷയ്ക്കുണ്ടായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് ഇവർ രക്ഷപ്പെട്ടത്. 200 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള തേനി ജയിൽ 2019 ജനുവരി 10മുതലാണ് പ്രവർത്തനം ആരംഭിച്ചത്.




