അധ്യാപക നിയമന അംഗീകാര പരാതികൾ 6 മാസത്തിനകം പരിഹരിക്കും…

കോട്ടയം: അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടത്തുന്ന ‘റിസോൾവ്’ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല നിർണായക പങ്കാണ് വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. പരാതി ലഭിച്ചാൽ പരമാവധി ആറ് മാസത്തിനുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. K-TET വിഷയത്തിൽ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ട ഏകദേശം 1,600 അധ്യാപകരുടെ പ്രശ്നം പരിഹരിച്ച് ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. K-TET സംബന്ധിച്ച് 2026-ൽ സുപ്രീംകോടതി നിർദേശങ്ങളും സർക്കാർ മാർഗനിർദേശങ്ങളും നിലവിലുണ്ട്. ജില്ലാ ഓഫീസുകളിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ തീരുമാനത്തിനായി വകുപ്പ് ആസ്ഥാനത്തേക്ക് അയക്കുന്നതിലൂടെ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കും. ഓരോ ഓഫീസിനും തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക മാനുവൽ പ്രസിദ്ധീകരിക്കും. പരാതി പരിഹാരം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനവും വിദ്യാഭ്യാസ വകുപ്പിൽ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ‘കൂടെ’ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നതിനായി ‘താരാപഥം’ എന്ന പേരിൽ പരിപാടി നടപ്പാക്കും. സ്കൂളുകളിലെ കായിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും കൂടുതൽ വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം ഉറപ്പാക്കുന്നതിനായി കോഴ്സുകൾ പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമന അംഗീകാര നടപടികൾക്കായി നിലവിൽ ‘സമന്വയ’ ഓൺലൈൻ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. നിയമന അംഗീകാരവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം.

Related Articles

Back to top button