ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്… വീട്ടിലുണ്ടായിരുന്ന…

ഇടുക്കി: അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പുപാലത്തിന് സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ചിതലിനെ കൊല്ലാനുള്ള മരുന്നിന്റെ കുപ്പിയുടെ അടിഭാഗം ചോർന്ന് മരുന്ന് തറയിൽ വീണെന്നും കുട്ടികൾ അത് കഴിച്ചെന്നുമാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. ഈ മൊഴി ശരിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

സംഭവസമയത്ത് വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. രണ്ട് മാസം മുൻപാണ് കുടുംബം ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. കുടുംബം എത്തുന്നതിന് മുൻപേ ചിതൽമരുന്ന് വീട്ടിൽ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. തുടർന്ന് ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ഇരുവരും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണകാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന മരുന്ന് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button