വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ….ഇലക്ഷൻ കമ്മീഷനോട് ചോദ്യവുമായി സുപ്രീം കോടതി…

എസ്ഐആർ കേസിൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന് അധിക വ്യവസ്ഥകൾ ചേർക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങളുണ്ടെങ്കിലും ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും കോടതി ചോദിച്ചു.
എസ്ഐആർ കേസിനിടെയാണ് ചോദ്യം. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമായിരുന്നു. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല. പേര്, പ്രായം,വിലാസം, ഉൾപ്പെടെയുള്ളവയിലെ വൃത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം. താമസമില്ലാത്തവരായി ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് കോടതി ചോദിച്ചു. വിലാസം മാറിയതുകൊണ്ട് പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കരുത്. ഈ 43 ലക്ഷം പേരെ കണ്ടെത്താൻ ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു.




