കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത… ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയിൽ മൂന്ന് ശതമാനം വർധനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായി ഉയരും. 2026 ജൂലൈ മുതൽ വർധന പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
ഏകദേശം 49 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തിലധികം പെൻഷൻകാർക്കും തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായാണ് ക്ഷാമബത്തയും ക്ഷാമാശ്വാസവും വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമായാണ് ഡിഎ നൽകുന്നത്. പെൻഷൻകാർക്ക് സമാനമായി ലഭിക്കുന്ന ആനുകൂല്യമാണ് ഡിആർ. ഈ നിരക്കുകളിൽ മാറ്റമുണ്ടാകുമ്പോൾ ജീവനക്കാരുടെ ആകെ ശമ്പളത്തിലും പെൻഷൻകാരുടെ ആനുകൂല്യത്തിലും വർധനയുണ്ടാകും. വിലക്കയറ്റം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ സാധാരണയായി വർഷത്തിൽ രണ്ടുതവണയാണ് ഡിഎ, ഡിആർ നിരക്കുകൾ പരിഷ്കരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ഡിഎയും ഡിആറും വർധിപ്പിച്ചിരുന്നു. ഇതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിലെത്തി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ മൂന്ന് ശതമാനം വർധനയെന്നാണ് റിപ്പോർട്ട്. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ അർഹരായ ജീവനക്കാർക്കും പെൻഷൻകാർക്കും അധിക സാമ്പത്തിക ആനുകൂല്യം ലഭിക്കും. വ്യക്തിഗതമായി ലഭിക്കുന്ന വർധന അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും തുകയെ ആശ്രയിച്ചിരിക്കും.



