മിഷൻ സമുദ്ര കേരളത്തിന്റെ സ്വപ്നപദ്ധതി… പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് മിഷൻ സമുദ്രയെന്ന് മുഖ്യമന്ത്രി. പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നേരത്തെ വിമർശനമുന്നയിച്ചവർ പദ്ധതി യാഥാർഥ്യമായപ്പോൾ നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തെ കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ചവരാണ് ഇപ്പോൾ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ഇത്തരം നിലപാടുകൾ വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മിഷൻ സമുദ്രയിലൂടെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കൾ തുറമുഖ നഗരത്തിന്റെ വികസനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖങ്ങളെ ആധുനികവത്കരിക്കുന്നതിനും സമുദ്രാധിഷ്ഠിത വികസനത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളെ എതിർക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി പോലും വർധിപ്പിക്കാത്തവരാണ് ഇപ്പോൾ അവരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഏഷ്യൻ വികസന ബാങ്കിനെതിരായ പ്രതിഷേധങ്ങളെയും മുഖ്യമന്ത്രി പരാമർശിച്ചു.
എ.ഡി.ബിക്കെതിരെ കരിയോയിൽ ഒഴിച്ച് പ്രതിഷേധിക്കുകയും പിന്നീട് അതേ സ്ഥാപനത്തിന്റെ പിന്നാലെ പോകുകയും ചെയ്തവരാണ് ഇപ്പോൾ കോർപ്പറേറ്റ് വൽക്കരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ മാറ്റങ്ങളുടെയും വഴിമുടക്കികളായി നിന്നവരാണ് പ്രതിപക്ഷമെന്നും മിഷൻ സമുദ്രയിലൂടെ സർക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ആശങ്കയാണ് എതിർപ്പിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ എതിർപ്പ് ഇപ്പോൾ പെട്ടെന്ന് ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മാരിടൈം ബോർഡ് ബിൽ നിയമസഭ പാസാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.



