പ്രിയ വർഗീസ് നിയമനക്കേസ്… സുപ്രീംകോടതി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട പ്രിയ വർഗീസ് കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീലുകളിൽ വാദം പൂർത്തിയായി. പ്രിയ വർഗീസിനോട് തന്റെ യോഗ്യതകൾ പട്ടികയായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഹർജിക്കാരനായ ഡോ. ജോസഫ് സ്കറിയയും ഒരാഴ്ചയ്ക്കകം മറുപടി നൽകണം.

അധ്യാപന ചുമതലയോടെയുള്ള ഗവേഷണം അധ്യാപന പരിചയമായി കണക്കാക്കാനാകുമെന്ന നിരീക്ഷണം കഴിഞ്ഞ ദിവസം വാദത്തിനിടെ സുപ്രീംകോടതി നടത്തിയിരുന്നു. സർവീസിലിരിക്കെ അവധിയെടുക്കാതെ ഗവേഷണം നടത്തുന്നവർക്ക് ഇളവ് നൽകേണ്ടതിന്റെ ആവശ്യകതയും കോടതി വാക്കാൽ ചൂണ്ടിക്കാട്ടിയിരുന്നു. യു.ജി.സിയും ഡോ. ജോസഫ് സ്കറിയയും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെയാണ് യു.ജി.സി സുപ്രീംകോടതിയെ സമീപിച്ചത്. ഗവേഷണ കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നാണ് യു.ജി.സിയുടെ പ്രധാന വാദം.

അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടങ്ങൾ പാലിക്കണമെന്ന നിലപാടാണ് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലിയും ഹാജരായി. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനും കോടതിയിൽ ഹാജരായി. യോഗ്യതാ മാനദണ്ഡങ്ങളും അധ്യാപന പരിചയം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും കേസിൽ നിർണായകമാണ്.

Related Articles

Back to top button