ചേരാനല്ലൂര്‍ വാഹനാപകടക്കേസ്…. പൊലീസുകാര്‍ക്ക് വീഴ്ചയോട് വീഴ്ച….വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സസ്പെന്ഷന് ഉത്തരവ്….

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പൊലീസുകാരുടെ വീഴ്ച എണ്ണിപ്പറഞ്ഞ് സസ്പെന്ഷന് ഉത്തരവ്. നരഹത്യ ചുമത്തുന്നതിന് മതിയായ കാരണമുണ്ടായിട്ടും ചുമത്തിയില്ലെന്നും പൊലീസുകാരുടെ നടപടി അന്വേഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. ഗ്രേഡ് എഎസ്ഐ കെ.ടി മനോജും സീനിയര്‍ സിപിഒ അരുണ്‍ ജോഷിയും ചേര്‍ന്നാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നും ഉത്തരവിലുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ആള് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിട്ടും, ബിഎന്‍എസ് 105 പ്രകാരമുള്ള നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടായിട്ടും അത് എഫ്ഐആറില്‍ ഉള്‍പ്പെടുത്താത്തത് സസ്പെന്ഷന് ഉത്തരവില്‍ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. അപകടവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ കൈവശം വെക്കുകയും ചെയ്ത അനന്തകൃഷ്ണന് എന്നയാളുടെ ഫോണ്‍ വാങ്ങി, അതിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ ഗ്രേഡ് എഎസ്ഐയും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും ഉത്തരവിലുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, കുട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് തടയുന്നുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ഫോണിലെ ചിത്രങ്ങള്‍ നിര്‍ബന്ധിച്ച് മായ്ക്കാന്‍ പൊലീസിന് അധികാരമില്ല.



