കാലിഫോർണിയയിൽ മലയാളി സുഹൃത്തുക്കളുടെ കൊലപാതകം… അനിത ബേബിക്കെതിരെ….

അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി സുഹൃത്തുക്കളായ രണ്ട് യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കോട്ടയം മൂന്നിലവ് സ്വദേശിനി അനിത ബേബി (32)ക്കെതിരെ രണ്ട് കൊലക്കുറ്റം ചുമത്തി. സാന്റാ ക്ലാര കൗണ്ടി പബ്ലിക് പ്രോസിക്യൂട്ടറാണ് കുറ്റങ്ങൾ ചുമത്തിയത്. സംഭവത്തിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഓഗസ്റ്റ് 28ന് സാൻ ജോസെയിലും മിൽപിറ്റാസിലുമായി ഏകദേശം 90 മിനിറ്റിന്റെ ഇടവേളയിലാണ് രണ്ട് സംഭവങ്ങളും നടന്നതെന്നാണ് കുറ്റപത്രത്തിലെ വിവരങ്ങൾ. കൊലപാതകങ്ങൾക്ക് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ അനിത ശ്രമിച്ചുവെന്നും അന്വേഷണസംഘം ആരോപിക്കുന്നു.
ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് 1.50ഓടെയാണ് ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ വീട്ടിൽ സംശയാസ്പദമായ സംഭവങ്ങൾ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആൻ മേരി മാത്യു (39)വിനെ മരിച്ച നിലയിൽ കണ്ടെത്തി. ദേഹത്ത് ഗുരുതരമായ മുറിവുകളും ഉണ്ടായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചതായാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ഉപകരണവും അന്വേഷണസംഘം കണ്ടെത്തി. വിശദമായ അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ട യുവതിയുടെ അടുത്ത പരിചയക്കാരിലേക്കാണ് അന്വേഷണം നീണ്ടത്. തുടർന്ന് ഉറ്റ സുഹൃത്തായ അനിത ബേബിയിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു. ആദ്യ സംഭവത്തിന് പിന്നാലെ അതേദിവസം മിൽപിറ്റാസിൽ ഒരു കാൽനടയാത്രക്കാരി കാറിടിച്ച് മരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഡിക്സൻ ലാൻഡിങ് റോഡിലെ മിൽ ഗ്രീക്ക് അപാർട്മെന്റ് പരിസരത്തായിരുന്നു സംഭവം.
നീല കാർ യുവതിയെ ഇടിച്ചശേഷം അപകടകരമായ രീതിയിൽ ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ഏകദേശം ഒരു മൈൽ അകലെ കാർ അശ്രദ്ധമായി പാർക്ക് ചെയ്ത നിലയിലും കണ്ടെത്തി. പ്രദേശത്തെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാർ നിർത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. അപകടത്തിൽ മരിച്ചത് അഞ്ജന ഹരി (35) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ജനയും ആൻ മേരി മാത്യുവും ഉറ്റ സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും വിശദമായ മൊഴിയെടുത്തതോടെയാണ് അന്വേഷണസംഘം അനിതയിലേക്ക് എത്തിയത്. ഇരുവരുടെയും ഉറ്റ സുഹൃത്തായ അനിതയാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അനിതയെ കണ്ടെത്തുമ്പോൾ കൈകാലുകളിൽ രക്തപ്പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് രേഖകളിൽ പറയുന്നു. പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനകത്താണ് അനിതയെ കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായാണ് മറുപടി നൽകിയതെന്നും രേഖകളിലുണ്ട്. അനിതയുടെ ദേഹത്തും കാലുകളിലും പരിക്കുകളും രക്തപ്പാടുകളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അഞ്ജന കാറിനരികിലൂടെ പോകുന്നതിനിടെ അനിത കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സംഭവദിവസം രാവിലെ ഏകദേശം 10.30നും 11.40നും ഇടയിൽ അനിത ബേബി ആൻ മേരിയുടെ വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ സംഭവത്തിന് പിന്നാലെ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ അനിതയുടെ ചെരിപ്പുകൾ പതിഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലാകുമ്പോഴും അതേ ചെരിപ്പുകളാണ് അനിത ധരിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അനിതയുടെ പാന്റിൽനിന്ന് കണ്ടെത്തിയ രക്തക്കറയും പൊലീസ് പരിശോധിച്ചു. രക്തം കൊല്ലപ്പെട്ടവരുടേതാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കാർ പാർക്ക് ചെയ്തിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആൻ മേരി മാത്യുവിന്റെ വീട്ടിൽ അനിത ഉണ്ടായിരുന്നതായി വ്യക്തമാക്കുന്ന മൊബൈൽ ലൊക്കേഷൻ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. കേസിലെ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.



