മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അന്ത്യം. എൽഐസി സോണൽ മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന ശാന്തകുമാരൻ നായർ കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ടുകുന്നേൽ തറവാട് സ്വദേശിയാണ്. നിലവിൽ മൃതദേഹം എറണാകുളം ലിസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ച മൃതദേഹം കോതമംഗലത്തെ കുടുംബവീട്ടിലേക്ക് എത്തിക്കും. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ കുടുംബവീട്ടിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ സംസ്കാരച്ചടങ്ങുകൾ നടക്കും.



