അട്ടപ്പാടി ഇരട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ… കൊലപാതക കാരണം വ്യക്തമാക്കി പ്രതി

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയെയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി പ്രൊവത് ദാസ് വെളിപ്പെടുത്തിയതായി പൊലീസ്. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.
കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതിയായ പ്രൊവത് ദാസ്. പശ്ചിമ ബംഗാളിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തേക്ക് ജോലിക്ക് പോയതിന് പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. യുവതി ഗർഭിണിയാണോ എന്നറിയുന്നതിനായി കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാഫലം വാങ്ങുന്നതിന് മുമ്പ് ഇരുവരും ആശുപത്രിയിൽ നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് യുവതിയും പ്രതിയും തമ്മിൽ തർക്കമുണ്ടായതെന്നാണ് വിവരം. ഇരുവരും മദ്യപിച്ചിരുന്നതായും ഇതിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായുമാണ് പ്രതിയുടെ വെളിപ്പെടുത്തൽ. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തുന്നത് കണ്ടുനിന്ന നാല് വയസുകാരനെയും പിന്നീട് പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഗർഭധാരണത്തെച്ചൊല്ലിയുള്ള സംശയവും അതിനെ തുടർന്നുണ്ടായ തർക്കവുമാണോ ഇരട്ടക്കൊലപാതകത്തിന് യഥാർഥ കാരണം എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



