സിപിഎമ്മിനെ തകർത്തുകളയാമെന്ന ദുർമോഹം വേണ്ട…. ഇഡിക്കെതിരെ…

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. ഡിജിപിക്ക് നൽകിയ കത്തിലെ വിവരങ്ങൾ ചോർന്നത് ഇതിന് ഉദാഹരണമാണെന്നും, തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുകയാണെന്നും പിണറായി ആരോപിച്ചു. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘തകർത്തുകളയാമെന്ന ദുർമോഹം വേണ്ട’ എന്നും പിണറായി വിജയൻ പ്രതികരിച്ചു. തനിക്കെതിരെ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറി ആകുന്നതിന് മുൻപും തനിക്കെതിരെ കടന്നാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2016ൽ അധികാരത്തിൽ വന്നപ്പോൾ മുതൽ തന്നെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായെന്നും പിണറായി വ്യക്തമാക്കി. അതേസമയം, എക്സാലോജിക് വിഷയത്തിലെ ഇഡി ആരോപണങ്ങളുടെ ദിശ മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു. സേവനം നൽകാതെ എക്സാലോജിക്കിന് പണം നൽകിയെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. ഇതിലൂടെ സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം.

എന്നാൽ ഇപ്പോൾ ഇഡി പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ആനുകൂല്യം നൽകിയതിലെ കൈക്കൂലിയെന്ന പുതിയ ഭാഷ്യമാണ് ഇപ്പോൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സിഎംആർഎല്ലിന് എങ്ങനെയാണ് വഴിവിട്ട സഹായം ചെയ്തത്?’ എന്ന് പിണറായി ചോദിച്ചു. കേരള ഹൈക്കോടതി തെളിവില്ലെന്ന് പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വ്യക്തിപരമായ ആക്രമണമല്ലെന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമമാണെന്നും പിണറായി വിജയൻ ആരോപിച്ചു. ഇഡിയുടെ അന്വേഷണം തന്നിലേക്ക് എത്തിക്കാനാണ് ശ്രമം. നിയമത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ എന്ത് വഴിവിട്ട സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പുതിയ കേസ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button