ഇ ഡി ആക്രമണ കേസിൽ ഒരാൾ കൂടി പിടിയിൽ…

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വിദേശത്തേക്ക് കടന്ന 27-ാം പ്രതിയാണ് ആദർശ്. വിദേശത്തായിരുന്ന ഇയാൾ ചെന്നൈയിലെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. വിവരമറിഞ്ഞ് ചെന്നൈയിലെത്തിയ പൊലീസ് സംഘം ആദർശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആദർശിനായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് ചെന്നൈയിൽ എത്തിയത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ആദർശിന് എന്ത് പങ്കാണുള്ളതെന്നും പൊലീസ് വിശദമായി അന്വേഷിക്കും. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ പാളയം സന്തോഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സന്തോഷിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



