അതിർത്തി കടന്നും നവജാതശിശു വിൽപ്പന… കോട്ടയത്തിന് പിന്നാലെ…

കോട്ടയം: നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പൊലീസ്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ കൊല്ലത്ത് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു കുഞ്ഞിനെ കണ്ണൂരിലും വിറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശിശുക്കടത്ത് സംഘത്തെ ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗർഭിണിയായ യുവതി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിൽ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന ശിശുക്കടത്ത് വിവരങ്ങൾ പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സമാനമായ രണ്ട് സംഭവങ്ങൾ കൂടി കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ കൃത്യമായി ആർക്കാണ് വിറ്റതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കുഞ്ഞുങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണ്. കുഞ്ഞുങ്ങളെ വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു. ശിശുക്കടത്ത് കേസിൽ ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ കേന്ദ്രീകരിച്ചും കൂടുതൽ പേർക്ക് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button